പെരുമ്പാവൂർ: ഓൺലൈൻ ട്രേഡിംഗ് ബിസിനസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്തു താമസിക്കുന്ന ഒന്നാംമൈൽ കരുമക്കാട്ട് വീട്ടിൽ ആഷികി (27) നെയാണു കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 43,87,000 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വലിയ ലാഭം നേടാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു.
വാട്സാപ് വഴിയാണു തട്ടിപ്പുസംഘം വീട്ടമ്മയെ പരിചയപ്പെട്ടത്. നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽനിന്നും അയച്ചുകിട്ടിയ അക്നോളഡ്ജ് ട്രാൻസാക്ഷൻ ഡീറ്റൈയിൽസ് പരിശോധിച്ചും പരാതിക്കാരിയുടെ അക്കൗണ്ടിൽനിന്നും രണ്ടാം ലെയറായി പണം കൈമാറ്റം ചെയ്തു കിട്ടിയതും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.